സംവിധായകന്‍ ആഷിഖ് അബുവിനെതിരെ എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീതപരിപാടിയ്‌ക്കെതിരെയാണ് ഹൈബി ഈഡന്‍ രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഷെഹ്ബാസ് അമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. ആഷിഖ് അബു ഇത് സംബന്ധിച്ച കണക്കുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും സി.പി.എം അനുഭാവി ആയതുകൊണ്ട് ആഷിഖ് അബുവിന്റെ പ്രവര്‍ത്തികള്‍ക്ക് കുടപിടിക്കരുതെന്നും ഹൈബി ഈടന്‍ പറയുന്നു. തന്റെ എഫ്.ബി പേജിലൂടെയാണ് ഹൈബി ഈടന്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.
ആരോപണങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കാതെ വിമര്‍ശിക്കേണ്ട എന്ന് വിചാരിച്ചാണ് പ്രതികരിക്കാതിരുന്നതെന്നും എന്നാല്‍ വിവരാവകാശ രേഖയുള്‍പ്പെടെയുള്ള ആരോപണം പുറത്തുവന്നിട്ടും ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് പ്രതികരണം ഒന്നും ഇല്ലാത്തതുകൊണ്ട് മാത്രമാണ് പ്രതികരിക്കുന്നതെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കുന്നുണ്ട്.
നവംബര്‍ ഒന്നിന് കടവന്ത്ര സ്റ്റേഡിയത്തില്‍ കരുണ എന്ന പേരിലായിരുന്നു സംഗീതനിശ സംഘടിപ്പിച്ചത്. ആഷിഖ് അബുവായിരുന്നു പരിപാടിയുടെ പ്രോഗ്രാം സെക്രട്ടറി. പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിപാടി ആയതിനാല്‍ ജില്ലാഭരണകൂടം സ്റ്റേഡിയം വേദിയായി നല്‍കിയത് സൗജന്യമായിട്ടായിരുന്നു. എന്നാല്‍ ഇതിലൂടെ ലഭിച്ച പണം ഇതുവരെയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തു വന്നതോടെ ഇവര്‍ക്കെതിരെ വലിയ ആക്ഷേപങ്ങളാണ് ഉയരുന്നത്. എന്നാല്‍ ചിലവിനേക്കാള്‍ കുറവായിരുന്നു വരുമാനമെന്നും ലഭിച്ച പണം മാര്‍ച്ച് 31നകം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
രണ്ടായിരത്തി പതിനെട്ടിന് ഉണ്ടായ പ്രളയത്തിന് ദുരിതാശ്വാസത്തിനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത നിശയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ നാട് മുഴുവന്‍ വിറങ്ങലിച്ചു നിന്നപ്പോള്‍, പ്രതിഫലം പോലും കൈപറ്റാതെ സദുദ്ദേശ്യത്തോടെ ഒട്ടേറെ കലാകാരന്മാര്‍ ചെയ്ത ഒരു സദ്പ്രവര്‍ത്തിയെ, ആരോപണങ്ങള്‍ക്ക് വ്യക്തത വരാതെ വിമര്‍ശിക്കരുത് എന്ന് കരുതിയാണ് രണ്ടു ദിവസം പ്രതികരിക്കാതിരുന്നത്. എന്നാല്‍ വിവരാവകാശ രേഖയുള്‍പ്പടെ ഈ ആരോപണം പുറത്തു വന്നു ദിവസങ്ങളായിട്ടും, ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് ഇത് സംബന്ധിച്ച് ഒരു പ്രതികരണവും ഇല്ലായെന്നത് ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്നു. പ്രശസ്ത സിനിമാ സംവിധായകന്‍ ആഷിക് അബു ആണ് ഈ പരിപാടി സംവിധാനം ചെയ്തത്. ഈ പരിപാടിക്കായി കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ നല്‍കിയത് സൗജന്യമായാണ്, പങ്കെടുത്ത കലാകാരന്‍മാര്‍ പ്രതിഫലം മേടിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സംഗീത നിശയ്ക്കു ശേഷം ആഷിക് അബു ഈ പരിപാടി വന്‍വിജയമായിരുന്നു എന്നും അവകാശപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ ശ്രീ. ബിജിബാല്‍ ഇപ്പോള്‍ പറയുന്ന കണക്കുകള്‍ നേരത്തെ ഇതിന്റെ സംഘാടകര്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വച്ചിരുന്നുമില്ല. ചുരുക്കി പറഞ്ഞാല്‍ കരുണ എന്ന് പേരിട്ടു നടത്തിയ ഈ സംഗീതനിശ ഒരു വലിയ തട്ടിപ്പായിരുന്നു എന്ന് വ്യക്തമാവുകയാണ്.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ എറണാകുളം എം.എല്‍.എ. യായിരുന്നു. തൊട്ടടുത്ത പറവൂര്‍, ആലുവ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍, എല്ലാം നഷ്ടപ്പെട്ട ഒരു ജനസമൂഹം അന്യന്റെ ദുരിതത്തോട് ഐക്യപ്പെട്ട് അവരില്‍ ഒന്നായി മാറി നടത്തിയ കരുണയോടുള്ള പ്രവര്‍ത്തനം മനസ്സ് നിറഞ്ഞു കണ്ടു അനുഭവപ്പെട്ടവനാണ്. വീട്ടുവേല ചെയ്തു ജീവിക്കുന്നവര്‍, ലോട്ടറി വില്‍പനക്കാര്‍ എന്ന് വേണ്ട പിഞ്ചു കുഞ്ഞുങ്ങള്‍ പോലും അവരുടെ കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ സംഭാവനയായി നല്‍കുന്ന കഥകള്‍ നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. ആ സമൂഹത്തിലാണ് ഒരു വരേണ്യ വര്‍ഗ്ഗം മനുഷ്യന്റെ സാഹോദര്യത്തെയും കരുണയയെയും ഒറ്റുകൊടുത്തിരിക്കുന്നത്. ആഷിക് അബു ഇത് സംബന്ധിച്ചു വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കണം. അതല്ലെങ്കില്‍ ആ പരിപാടിയില്‍ ഒരു പൈസ പോലും പ്രതിഫലം മേടിക്കാതെ ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാവും. ആഷിക് അബു അതിന് തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തണം. ആഷിക് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സി.പി.എം. നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവര്‍ത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്. സത്യം ജനങ്ങള്‍ അറിയട്ടെ.