2018ലെ പ്രളയത്തിന് കാരണം ഡാം മാനേജ് മെന്റിലുണ്ടായ വീഴചയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പ്രളയമുണ്ടാകുന്നതിന് ആഴ്ചകള്‍ മുമ്പ് കെ.എസ്.ഇ.ബി ചെര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്ന് വിലയിരുത്തിയിരുന്നു. ജൂണ്‍ 25നാണ് ഈ യോഗം ചേര്‍ന്നത്. പ്രളയമുണ്ടാകുന്നത് ഓഗസ്റ്റ് മാസത്തിലും.
മാത്രമല്ല ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ഉത്തരവില്‍ ഡാമുകളില്‍ അസാധാരണമായ രീതിയല്‍ ജലനിരപ്പ് ഉയര്‍ന്നെന്നും അതില്‍ സ്വീകരിക്കേണ്ട അടിയന്തര നപടികളെക്കുറിച്ചും പറയുന്നുണ്ട്. ഈ ഉത്തരവ് വന്നതിന് ശേഷവും ഡാം തുറന്ന് ജലനിരപ്പ് ക്രമീകരിക്കാനുള്ള നീക്കം കെ.എസ്.ഇ.ബി നടത്തിയില്ല. ഇതുകഴിഞ്ഞ് ഒമ്പ് ദിവസം കഴിഞ്ഞാണ് ഡാം തുറക്കാന്‍ തയ്യാറായത്.
2018 ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും ഡാം മാനേജ് മെന്റിലെ പിഴവാണ് പ്രളത്തിന് കാരണമെന്നും വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന തരത്തില്‍ ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെ പാടെ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
പെട്ടെന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ വാദത്തെ പൊളിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെ.എസ്.ഇ.ബി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടും നടപടിടെയുക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിന് ഇനി മറുപടി പറയേണ്ടി വരും.