രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ എ.ഐ.സി.സി സ്ഥരീകരിച്ചിട്ടില്ല. എന്നാല്‍ വിഷയം സജീവ പരിഗണനയിലാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കും എന്ന കാര്യം ഉറപ്പാണ്. പക്ഷേ അത് വയനാടാണോ എന്നതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മത്സരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് സമിതിയുമാണെന്നും തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്നതില്‍ ആശയക്കുഴപ്പമില്ലെന്ന് ഉമ്മന്‍ചാണ്ടിയും മാധ്യമങ്ങളോട് പറഞ്ഞു.വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇനി രാഹുലിന്റെ തീരുമാനം മാത്രമേ അറിയാനുള്ളുവെന്നും ഞായറാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.