നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി. എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജി ഹണി വര്‍ഗീസിനായിരിക്കും വിചാരണ ചുമതല. 9 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കുന്നതിനെയും വിചാരണ കോടതി മാറ്റുന്നതിനെയും കേസിലെ മുഖ്യപ്രതിയായ ദിലീപ് എതിര്‍ത്തിരുന്നു. നടിക്ക് മാത്രമായി എന്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ദിലീപ് കോടതിയില്‍ ചോദിച്ചത്.വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായിരുന്നു ദിലീപിന്റെ അപേക്ഷ. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുമുണ്ടെന്നും നടിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കരുതെന്നും ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിചാരണ വൈകിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. നടിയ്ക്ക്‌നുകൂലമായ നടപടിയാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.