Delhi
സുപ്രീംകോടതി വിധിക്ക് പിന്നാലെ സി.ബി.ഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു. സി.ബി.ഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അലോക് വര്‍മക്ക് തല്‍ക്കാലം വിലക്കുണ്ട്. അലോക് വര്‍മയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം എന്നാണ് കോടതി നിര്‍ദേശം. പ്രധാനമന്ത്രിയും പ്രതിപക്ഷ കക്ഷി നേതാവായ മല്ലികാര്‍ജുല്‍ ഖാര്‍ഗെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്നതാണ് സെലക്ഷന്‍ കമ്മിറ്റി.
ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിലേക്ക് ജസ്റ്റിസ് എ.കെ സിക്രിയെ ചീഫ് ജസ്റ്റിസ് പ്രതിനിധിയായി നിയോഗിച്ചിട്ടുണ്ട്. അലോക് വര്‍മയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണമെന്നത് സംബന്ധിച്ച് കമ്മിറ്റി തീരുമാനമെടുക്കും. ഈ മാസം 31 വരെയാണ് അലോക് വര്‍മ്മയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.