കൂടത്തായി കേസ് പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജി.പി

Glint Desk
Tue, 08-10-2019 01:01:52 PM ;

കൂടത്തായിലെ കൊലപാതക പരമ്പര കേസ് കേരള പൊലീസിന് മുന്നിലെ വലിയ വെല്ലുവിളിയെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തുക എന്നതാണ് വെല്ലുവിളിയെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍ വിദേശത്ത് പരിശോധന നടത്തുമെന്നും ഡി.ജി.പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

നാടിനെ നടുക്കിയ കൊലപാതക പരമ്പരയില്‍ മുഖ്യ പ്രതി ജോളി പിടിയിലായെങ്കിലും അന്വേഷണ സംഘത്തിന് മുന്നില്‍ ഇനിയും വെല്ലുവിളി ഏറെയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതകങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന പ്രശ്‌നം. പൊട്ടാസ്യം സയനൈഡിന്റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷേ പരിമിതികള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.

കൊലപാതകത്തിന് സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവ് കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളിയാണ്. സയനൈഡിന്റെ തെളിവുകള്‍ കണ്ടെത്തുക സാധ്യമാണെങ്കിലും ഏറെ ശ്രമകരവുമാണെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതുനായി വിദേശ ലാബുകളുടെ സഹായതേടുന്നുണ്ടെങ്കിലും സാഹചര്യതെളിവുകള്‍ ഇനിയും ശേഖരിക്കാന്‍ കഴിഞ്ഞാല്‍ കേസ് ശക്തമാകുമെന്നും ഡിജിപി വ്യക്തമാക്കി.

Tags: