Alappuzha
കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം. ദീപക്കെതിരെ പ്രതിഷേധവുമായി എ.ബി.വി.പി, കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായിട്ടാണ് ദീപ നിശാന്ത് എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മുല്യനിര്‍ണയ വേദി മാറ്റിയിട്ടുണ്ട്.
എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും സംഘാടകര്‍ പ്രതികരിച്ചു.
തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യപികയായ ദീപ യുവ കവി എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ ദീപ കുറ്റസമ്മതം നടത്തുകയും കലേഷിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു.