വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ. ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. എന്തിനാണ് തിടുക്കപ്പെട്ട് തൃശൂരിലുണ്ടായിരുന്ന ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്ന് അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.
അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പോലീസിന് വ്യത്യസ്തമായ മൊഴികളാണ് നല്‍കിയിരുന്നത്. അതിനാല്‍ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഈ സാഹചര്യവും മൊഴികളിലെ വൈരുദ്ധ്യവുമാണ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയ്ക്ക് വഴിവച്ചത്.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23നു തൃശൂര്‍ക്ക് പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.