ശബരിമല യുവതീപ്രവേശന വിധി ചര്‍ച്ച ചെയ്യാന്‍ മുഖ്യന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വച്ചാണ് യോഗം ചേരുക. യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ തീരുമാനമറിഞ്ഞ ശേഷം സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
ഇന്ന് കേസ് പരിഗണിച്ച കോടതി വിധിയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള 50 പുനഃപരിശോധനാ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളും വരുന്ന ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതുവരെ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വരുന്ന മണ്ഡല-മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഇക്കാര്യം പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിട്ടും വഴങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.