ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പുനഃപരിശോധനാ ഹര്‍ജികളില്‍ നാളെ സുപ്രീം കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മണ്ഡലകാല തീര്‍ഥാടനത്തെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നീക്കം.
ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നു പ്രതിപക്ഷം മുമ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ തയാറായിരുന്നില്ല. യുവതീ പ്രവേശന വിധി വന്നതിന് ശേഷം രണ്ട് തവണ നട തുറന്നപ്പോഴും ശബരിമലയില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു.
വരുന്ന 17 ന് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന സമയത്തും സമാനമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കടുംപിടുത്തം അവസാനിപ്പിച്ച് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാനൊരുങ്ങുന്നത്. സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ സന്തോഷമെന്നു ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.