സി.ബി.ഐ തലപ്പത്തെ തമ്മിലടി തുടരവേ ഡയറക്ടറെയും സ്‌പെഷ്യല്‍ ഡയക്ടറെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് പകരം പകരം ജോയന്റ് ഡയറക്ടര്‍ നാഗേശ്വര റാവുവിനാണ് പകരം താത്കാലികമായി ചുമതല നല്‍കിയിരിക്കുന്നത്. സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സി.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സി.ബി.ഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ത്ത അപ്പോയിന്‍മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
എന്നാല്‍ നടപടിക്കെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചു. കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ സ്‌പെഷല്‍ ഡയറക്ടര്‍ക്കെതിരെ സി.ബി.ഐ തന്നെ കേസ് എടുത്തത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഈ കേസ് അന്വേഷിക്കുന്ന സംഘത്തെയും സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ ശര്‍മ, ഡി.ഐ.ജ് തരുണ്‍ ഗൗഭ,ജസ്ബീര്‍ സിങ്, ഡി.ഐ.ജി അനീഷ് പ്രസാദ് തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ഇതോടെ അസ്താനക്കെതിരായ കേസ് അന്വേഷണവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.