മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറി സിദ്ദിഖ്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമര്‍ശനങ്ങളില്‍ പലതും ബാലിശമണെന്ന് സിദ്ദിഖ് പറഞ്ഞു. മോഹന്‍ലാല്‍ അവരെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റെന്നും അതെങ്ങനെ അപമാനമാകുമെന്നും സിദ്ധിഖ് ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിനെ തുടര്‍ന്ന് ദിലീപിനെ പുറത്താക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതാണ്. 250 ഓളം പേര്‍ പങ്കെടുത്ത 'അമ്മ' ജനറല്‍ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപ് കുറ്റാരോപിതനാണ്, കുറ്റക്കാരനല്ല എന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ തന്റെ പേരില്‍ സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടാകേണ്ടെന്ന് പറഞ്ഞ് ദിലീപ് 'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിന് ഒക്ടോബര്‍ 10ന് രാജിക്കത്ത് കൈമാറിയതായും സിദ്ദീഖ് സ്ഥിരീകരിച്ചു. കെ.പി.എ.സി ലളിതക്കൊപ്പമാണ് സിദ്ദിഖ് മാധ്യമങ്ങളെ കണ്ടത്.
ഡബ്ല്യൂ.സി.സി അംഗങ്ങളെ ജനങ്ങള്‍ ചീത്തവിളിക്കുവെങ്കില്‍ അത് അവരുടെ കുഴപ്പം കൊണ്ടാണ്. അമ്മയില്‍നിന്ന് രാജിവച്ചുപോയ നടിമാരെ രാജിവച്ചവരെ തിരിച്ചു വിളിക്കില്ല. ചെയ്ത തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്നതു പരിഗണിക്കും. സംഘടനയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിച്ച നടിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.
'മീ ടൂ' ക്യാംപെയിന്‍ നല്ല പ്രസ്ഥാനമാണ്. സുരക്ഷാ വിഷയത്തില്‍ കരുതല്‍ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. ഏഴു വര്‍ഷം മുമ്പ് ഒരു പതിനേഴു വയസ്സുകാരി തന്റെ മുന്നില്‍ സഹായം അഭ്യര്‍ഥിച്ചു വന്നു എന്നു പറയുന്ന നടി, ആരാണ് വന്നത് എന്ന് പറയേണ്ട. ഏതു സെറ്റില്‍, ഏതു സംവിധായകന്റെ സിനിമ എന്നു പറയണം. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കേണ്ടതാണ് സിദ്ദിഖ് പറഞ്ഞു.
അമ്മയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് സിദ്ദിഖിനൊപ്പം മാധ്യമങ്ങളെ കണ്ട നടി കെ.പി.എ.സി ലളിത പറഞ്ഞു. ഡബ്ല്യു.സി.സിയുടെ ആരോപണങ്ങളുടെ വസ്തുത പരിശോധിച്ചാല്‍ ഉള്ളി പൊളിച്ചതുപോലെയാവും. സ്ത്രീപീഡനം പണ്ടുമുതല്‍ എല്ലാമേഖലയിലുമുണ്ട്, അമ്മയില്‍ ആണ്‍-പെണ്‍ഭേദമില്ല. കുടുംബത്തില്‍ തീര്‍ക്കേണ്ട പ്രശ്‌നം ആവശ്യമില്ലാതെ പൊതു ഇടത്തില്‍ കൊണ്ടുവന്ന് വഷളാക്കുകയാണ്. അമ്മയില്‍നിന്നു രാജിവച്ചവര്‍ക്ക് മാപ്പു പറഞ്ഞ് തിരിച്ചുകയറാം. കുട്ടികള്‍ തെറ്റുചെയ്താല്‍ മാപ്പു പറഞ്ഞാല്‍ മാത്രമല്ലേ വീട്ടില്‍ കയറ്റൂ. അമ്മയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നാണ് ആഗ്രഹം എന്നും കെ.പി.എ.സി ലളിത പറഞ്ഞു.