Skip to main content
Thiruvananthapuram

 pinarayi-vijayan

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ വേണ്ടിയുള്ള മന്ത്രിമാരുടെ യാത്ര അനിശ്ചിതത്വത്തില്‍. മന്ത്രിമാര്‍ക്ക് വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകാനാണ് നിലവില്‍ അനുമതിയുള്ളത്. രണ്ടാഴ്ച മുമ്പാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ബുധനാഴ്ചയ്ക്കകം അനുമതി ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുടെ യാത്ര മുടങ്ങിയേക്കും.

 

ഈ മാസം 17 മുതല്‍ 21 വരെ വിദേശ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. 17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉല്‍മല്‍ ക്വീന്‍, ഫുജൈറ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാര്‍ ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണു സന്ദര്‍ശിക്കാനിരുന്നത്.

 

അതേസമയം മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ. രാജു, കെ.കെ. ശൈലജ എന്നിവരെ വിദേശ സന്ദര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള കാരണം എന്താണെന്നു വ്യക്തമാക്കിയിരുന്നില്ല.

 

കേരളത്തിന്റെ വിദേശവായ്പാ പരിധി ഉയര്‍ത്തുന്ന കാര്യത്തിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.