ശബരിമലയില്‍ തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാലങ്ങളില്‍ മല കയറ്റം നിരോധിക്കില്ലെന്നും വരുന്ന തീര്‍ത്ഥാടനക്കാലം മുതല്‍ ബേസ് ക്യാംപ് നിലയ്ക്കല്‍ ആക്കുമെന്നും മന്ത്രി പറഞ്ഞു.
മുമ്പ് പമ്പ ത്രിവേണിയില്‍ ചെറിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമായിരുന്നു. പുതിയ തീരുമാനമനുസരിച്ച് എല്ലാ വാഹനങ്ങളും ഇനി നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യേണ്ടിവരും. നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സ് മാത്രമായിരിക്കും പമ്പയിലേക്ക് സര്‍വ്വീസ് നടത്തുക. പമ്പയുടെ തീരത്ത് കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
ശബരിമലയില്‍ തിരുപ്പതി മാതൃകയിലുള്ള ദര്‍ശനരീതി നടപ്പിലാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ദേവസ്വം ബോര്‍ഡ് വിലയിരുത്തി. മുഴുവന്‍ അയ്യപ്പഭക്തരെയും നിലവിലുള്ള വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തില്‍ കൊണ്ടുവരുന്നത് അടക്കമുള്ള നിര്‍ദേശങ്ങളാണ് പോലീസ് മുന്നോട്ടുവച്ചിരുന്നത്.