Skip to main content
Thiruvananthapuram

pinarayi-vijayan

പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പ-ത്രിവേണി പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന്ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നവംബര്‍ 17-നാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.

 

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ പണം ആവശ്യമാണെന്നും അതിനാല്‍ അതിനുള്ള ധനസമാഹരണത്തിന് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിദേശ നാടുകളിലേക്ക് അയയ്ക്കും. ലോകകേരള സഭവഴി പ്രവാസികളില്‍നിന്ന് വിഭവസമാഹരണം നടത്തുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളുടെ സഹായവും ധനസമാഹരണത്തിന് ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.