Skip to main content
Thiruvananthapuram

 landslide-kerala

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലെ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍. എല്ലാ ജില്ലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി നല്‍കി.

 

മണ്ണിടിച്ചിലില്‍ തകര്‍ന്ന കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മ്മിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ ഇനിയുണ്ടായാല്‍ അവ തടസപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കയച്ച ഉത്തരവില്‍ പറയുന്നു.

 

കെട്ടിടങ്ങള്‍ എവിടെ നിര്‍മിക്കാമെന്നതിനെ പറ്റി സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തുമെന്നും പഠനത്തിലൂടെ കണ്ടെത്തിയ സ്ഥലങ്ങളില്‍ മാത്രമേ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ, പഠനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.