Kochi
പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശേരിയില്‍ എത്തും. 33 എണ്ണം നെടുമ്പാശേരിയില്‍ നിന്നും പുറപ്പെടും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റേയും ജെറ്റ് എയര്‍വേയ്സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്സിന്റെ ദുബൈ, ഗോ എയറിന്റെ ഷാര്‍ജ, എയര്‍ ഏഷ്യയുടെ കോലാലംപുര്‍ വിമാനങ്ങളും ഇന്ന് നെടുമ്പാശേരിയില്‍ പറന്നിറങ്ങും. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു.