സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പ്രളയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.1924 ലെ പ്രളയം പ്രകൃതി സൃഷ്ടിയാണെങ്കില്‍ 2018ലേത് മനുഷ്യസൃഷ്ടിയാണ്. ലാഭക്കൊതിയന്മാരായ വൈദ്യുതി ബോര്‍ഡ് ഡാമുകള്‍ തുറക്കുന്നതില്‍ കാട്ടിയ കുറ്റകരമായ അനാസ്ഥയാണ് സ്ഥിതി ഇത്രയും ഗുരുതരമാക്കിയത്. ദുരന്തനിവാരണവകുപ്പ് പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഡാം തുറക്കുന്നത് വൈകിപ്പിച്ചു. മാത്രമല്ല ഡാം തുറന്നാല്‍ ഏതൊക്കെ മേഖലകളെ ബാധിക്കും എന്ന വിലയിരുത്തല്‍പോലും അധികൃതര്‍ നടത്തിയില്ല. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഡാമുകള്‍ ഒരുമിച്ച് തുറക്കുകയായിരുന്നു. ഇടുക്കിയില്‍ മാത്രമാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഒരിക്കലും വെള്ളത്തില്‍ മുങ്ങേണ്ട സ്ഥലമല്ല ചെങ്ങന്നൂര്‍. പമ്പയിലെ ഒമ്പത് ഡാമുകള്‍ നേരത്തേ തന്നെ തുറക്കാമായിരുന്നു. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ജില്ലാ അധികാരികളെ പോലും അറിയിക്കാതെയാണ് തുറന്നത്. അപ്പര്‍ ഷോളയാര്‍ തുറക്കുന്നതില്‍ നിന്നും സര്‍ക്കാരിന് തമിഴ്നാടിനെ പിന്തിരിപ്പിക്കാമായിരുന്നു. ഷോളയാര്‍ ഡാം തമിഴ്നാട് തുറന്നതോടെ ചാലക്കുടിയില്‍ ദുരിതം ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു.