രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് രാഹുല്‍ വിശദീകരണം തേടിയിരിക്കുന്നത്. സീറ്റ് വിട്ടുകൊടുത്തതിനെതിരെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളയുള്ളവരില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
പരാതി നല്‍കിയവരില്‍ എം.എല്‍.എ മാരും എം.പിമാരും പാര്‍ട്ടി ഭാരവാഹികളും സാദാരണ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രാഹുലിനെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടെന്നാണ് പ്രാധാന ആക്ഷേപം. കേരളത്തില്‍ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനത്തിന് എതിര്‍പ്പ് ഉണ്ടാകില്ലെന്ന് പറഞ്ഞാണ് സീറ്റ് കൈമാറ്റത്തിന് അംഗീകാരം നേടിയെടുത്തത്. ഇനിയെങ്കിലും സംസ്ഥാനത്തെ സാഹചര്യം മനസ്സിലാക്കണമെന്ന് നേതാക്കള്‍ രാഹുലിനയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
വി എം സുധീരന്‍, പി ജെ കുര്യന്‍, കെ.മുരളീധരന്‍ തുടങ്ങി ഒട്ടനവധി നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്തുവന്നത് ഹൈക്കമാന്‍ഡിനെ അമ്പരിപ്പിച്ചിട്ടുണ്ട്.
മാത്രമല്ല കേരളാ കോണ്‍ഗ്രസിന് സീറ്റ് കൊടുത്തതിലുപരിയായി നിലവില്‍ ലോക്‌സഭാ എം.പിയായ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കിയതും നേതാക്കളെയും പ്രവര്‍ത്തകരെയും കൂടുതല്‍ പ്രകോപിതരാക്കിയിട്ടുണ്ട്. മുന്നണിയുടെ കെട്ടുറപ്പിനായുള്ള തീരുമാനമെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും, എം.എം ഹസ്സനും ന്യായീകരിക്കുമ്പോഴും ജോസ് കെ മാണിയുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള നീക്കമായിട്ടാണ് ഇതിനെ പ്രവര്‍ത്തകരിലേറെയും കരുതുന്നത്.