Angamaly
മലയാറ്റൂര്‍ കുരിശുമുടി വൈദികന്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ(52) കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. മലയാറ്റൂര്‍ കുരിശുമുടിയിലെ ഒന്നാംസ്ഥലത്തിന് സമീപമുള്ള ഒരു ഫാമിനടത്ത് നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് കുരിശുമുടി പാതയിലെ ആറാംസ്ഥലത്ത് വച്ച് ഫാ. സേവ്യറിനെ കുത്തിയ ശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി ഇന്നലെ മുതല്‍ മലയാറ്റൂര്‍ മലയിലും പരിസരത്തും വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. പിടികൂടുമ്പോള്‍ തീര്‍ത്തും അവശനിലയിലായിരുന്നു ഇയാള്‍.
സ്വഭാവദൂഷ്യം ആരോപിച്ച് ജോണിയെ ഫാദര്‍ കപ്യാര്‍ സ്ഥാനത്തു നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്.