മോഷണക്കുറ്റം ആരോപിച്ചെത്തിയ അക്രമികള്‍ക്ക് മധുവിനെ കാട്ടിക്കൊടുത്തത് വനം വകുപ്പ് ജീവനക്കാരാണെന്ന് സഹോദരി ചന്ദ്രിക. സാധാരണഗതിയില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് വനത്തില്‍ പ്രവേശിക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. എന്നാല്‍ ഈ ചട്ടങ്ങളൊക്കെ ലംഘിച്ചുകൊണ്ട് മധുവിനെ തേടി എത്തിയവര്‍ക്ക് വനം വകുപ്പുദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നു. സംഭവത്തില്‍ ഇവര്‍ക്കെതിരെയും നടപടി വേണമെന്ന് മധുവിന്റെ സഹോദരി ആവശ്യപ്പെട്ടു.
മധുവിനെ പിടികൂടി കാടിന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ അകംമ്പടിയായി ഫോറസ്റ്റിന്റെ ജീപ്പും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികളും വെളിപ്പെടുത്തി. മധു ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അമ്പതോളം പേരടങ്ങുന്ന സംഘം ഗുഹ വളയുന്നത്. തുടര്‍ന്ന് മധുവിനെ പിടികൂടി ഉടുമുണ്ട് ഉരിഞ്ഞ് കൈകള്‍ കെട്ടി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മോഷണ വസ്തു എന്ന് പറയപ്പെടുന്ന അരിയും മറ്റും, അടികൊണ്ട് അവശനായ മധുവിന്റെ തലയില്‍ കെട്ടി വെച്ച് നാല് കിലോമീറ്ററോളം നടത്തി കൊണ്ടുവരികയായിരുന്നു.
കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മുഖത്ത് ഒഴിച്ചാണ് കൊടുത്തതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വലിയ ആരവത്തോടെയും കൂക്ക് വിളികളോടെയുമാണ് മധുവിനെ കാടിന് പുറത്തെത്തിച്ചത്.