സംസ്ഥാനത്ത് അഞ്ച് ദിവസമായി തുടര്‍ന്ന് വന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകളുടെ സംഘടനാ ഭാരവാഹികള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചും ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്.
വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് 2 രൂപയാക്കണം എന്നാതായിരുന്നു ബസ് ഉടമകളുടെ പ്രധാന ആവശ്യം. സാധാരണ യാത്രക്കാരുടെ കുറഞ്ഞ നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപ ആക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂടി കൂട്ടണം എന്ന ആവശ്യവുമായി ബസ് ഉടമകള്‍ സമരം തുടരുകയായിരുന്നു. കഴിഞ്ഞ 16-ാം തീയതി മുതലാണ് സമരം ആരംഭിച്ചത്.
സമരവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിനെ തുടര്‍ന്ന് തിരുവനന്തപുരത്തും ചില ഒറ്റപ്പെട്ടയിടങ്ങളിലും ബസുകള്‍ ഇന്നലെ സര്‍വീസ് ആരംഭിച്ചിരുന്നു.