Skip to main content
Thiruvananthapuram

psreeramakrishnan

ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് പിന്നാലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങുന്നതിനായി 49,900 രൂപയാണ് ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയത്. ലെന്‍സിന് വേണ്ടി 45,000 വും ഫ്രെയിമിന് വേണ്ടി 4,900 രൂപയുമാണ് വാങ്ങിയിരിക്കുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണടയ്ക്ക് വേണ്ടി 28,000 രൂപയാണ് കൈപ്പറ്റിയത്.

 

ചികിത്സാ ചെലവിനത്തില്‍ 4,25,594 രൂപയും സ്പീക്കര്‍ കൈപ്പറ്റിയെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.

 

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കര്‍ശന ചെലവ് ചുരുക്കല്‍ ആവശ്യമാണെന്നും ബജറ്റ് അവതരണത്തില്‍ ധന മന്ത്രി തോമസ് ഐസക്ക്  പറഞ്ഞതിന് പിന്നാലെയാണ് സ്പീക്കറുടെ ധൂര്‍ത്ത് പുറത്ത് വരുന്നത്.

 

വക്കം പുരുഷോത്തമന്‍ സ്പീക്കറായിരിക്കെ കണ്ണടയുടെ ഫ്രെയിം വാങ്ങിയ വകയില്‍ വലിയ തുക മെഡിക്കല്‍ റീ ഇമ്പേഴ്‌സായി വാങ്ങിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണടയുടെ ഫ്രെയിം വാങ്ങുന്നതിന്റെ പരിധി 5000 രൂപ എന്നാക്കി നിജപ്പെടുത്തി. ഇത് കണക്കിലെടുത്താണ് ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയതിന് ഫ്രെയിമിന് 4900 രൂപയും ലെന്‍സിന് 45,000 രൂപയുമായി കാണിച്ചിരിക്കുന്നത്.

 

അതേസമയം ഡോക്ടര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കണ്ണട വാങ്ങിയത് എന്നാണ് സ്പീക്കറുടെ വാദം.