സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ രണ്ടര വര്‍ഷത്തിലധികമായി തുടര്‍ന്നു വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം 782ാം ദിവസത്തിലാണ് ശ്രീജിത്ത് അവസിനിപ്പിച്ചിരിക്കുന്നത്.
ശ്രീജിത്തിന്റെ സമരത്തെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും, അതിന് വലിയ ജനപിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ ഉണ്ടാകുന്നത്. ഒടുവില്‍ ശ്രീജിത്തിന്റെ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. സി.ബി.ഐ കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നതിന് ശേഷം സമരം അവസാനിപ്പിക്കാമെന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്.
ഇന്ന് രാവിലെ സി.ബി.ഐ മൊഴി രേഖപ്പെടുത്തുവാന്‍ ശ്രീജിത്തിനെയും അമ്മയെയും വിളിപ്പിച്ചിരുന്നു. മൊഴിയെടുക്കല്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ശ്രീജിത്ത് അറിയിച്ചത്. മൊഴി എടുക്കലില്‍ തൃപ്തിയുണ്ടെന്നും, അന്വേഷണത്തില്‍ വിശ്വാസം വന്നെന്നും ശ്രീജിത്ത് പറഞ്ഞു.