പയ്യോളി മനോജ് വധക്കേസില്‍ അറസ്റ്റിലായ സി.പി.എം നേതാക്കളെ ജനുവരി 10-ാം തീയതി വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസൂത്രകരുമാണെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.
അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും രണ്ട് പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സി.പി.എം ജില്ലാ കമ്മിറ്റിയംഗവും റിട്ട. അദ്ധ്യാപകനുമായ ടി. ചന്തു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. രാമചന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗം സി. സുരേഷ്, പി. അനൂപ്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ കെ.ടി. ലിഖേഷ്, ലോക്കല്‍ കമ്മിറ്റിയംഗം എന്‍.സി. മുസ്തഫ, അഖില്‍നാഥ് കൊടക്കാട്ട്, നെരവത്ത് രതീഷ്, അയനിക്കാട് സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി പി.കെ. കുമാരന്‍ എന്നിവരെയാണ് സി.ബി.ഐ സംഘം അറസ്റ്റു ചെയ്തത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞെങ്കിലും അത് വിചാരണയില്‍ തെളിയേണ്ടതാണെന്ന് കോടതി പറഞ്ഞു. അതേസമയം നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച പയ്യോളിയിലും മൂന്ന് പഞ്ചായത്തുകളിലുംസി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.