കേരളതീരത്ത് 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ് 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടിണ്ട്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ സുനാമിക്ക് സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തെക്കന്‍ ജില്ലകളില്‍ തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവറായ വിഷ്ണുവാണ് മരിച്ചത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പാറശ്ശാലയിലെ കലോത്സവ വേദി തകര്‍ന്നു വീണു.തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമ്പൂരിയുലും അച്ചന്‍ കോവിലിലും ഉരുള്‍ പൊട്ടലുണ്ടായി. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തിയേക്കും. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ കനത്ത കാറ്റ് മൂലം പലയിടത്തും മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണിട്ടുണ്ട്. മലയോര പാതകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശബരിമലയിലും മഴ തുടരുകായാണ്, എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. പമ്പയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ത്രിവേണിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അവിടെ നിന്ന് മാറ്റണമെന്നുള്ള നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.
തമിഴ് നാട്ടിലെ കന്യാകുമാരിയില്‍ മഴയില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.