മൂന്നാറിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യാനം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം കൈയേറ്റക്കാരെ സഹായിക്കുന്നതിനുള്ള നീക്കമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കൊട്ടക്കാമ്പൂരിലേക്ക് മന്ത്രി എം.എം മണിയെ അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റക്കാരെ സഹായിക്കുന്ന സര്‍ക്കാര്‍ നീക്കത്തെ അനുവദിക്കാനാവില്ലെന്നും യു ഡി എഫ് ഇടുക്കി ജില്ലാക്കമ്മറ്റി ചേര്‍ന്ന് ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
ഇടുക്കി ജില്ലയില്‍ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് 2006ലാണ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച്
ജനങ്ങള്‍ക്കുളള ആശങ്ക ഒഴിവാക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിനായി മന്ത്രിമാരുടെ ഉന്നതതല സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
2006 ലെ വിജ്ഞാപനപ്രകാരം ഉദ്യനത്തിന്റെ വിസ്തൃതി 3200 ഹെക്ടറാണെങ്കിലും അത് 2000 ഹെക്ടറായി കുറയുമെന്ന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ മുഖ്യമന്തി വിളിച്ച യോഗത്തില്‍ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം പട്ടയം റദ്ദാക്കിയ ജോയ്‌സ് ജോര്‍ജ് എം.പിയുടെ ഭൂമിയടക്കം സ്ഥിതിചെയ്യുന്നത് ഉദ്യാനപരിധിയിലാണ്.