കേരളം ഏവര്‍ക്കും സുരക്ഷിതമായ നാടാണെന്നും മറിച്ചുള്ള പ്രചരണങ്ങളില്‍ വീണുപോകരുതെന്നും ഇതര സംസ്ഥാന തൊഴിലാളികളോട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സമൂഹ മാധ്യമങ്ങളില്‍ കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.
കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും ഡിജിപി വ്യക്തമാക്കി. ഇവിടെ ഒരു ആക്രമണവും ആര്‍ക്കെതിരെയും ഉണ്ടാകുന്നില്ല.
കേരളത്തെ അപമാനിക്കാന്‍ നടക്കുന്ന കൂട്ടായ പ്രചരണമാണ് ഇതെന്നും അദ്ദഹം വിശദീകരിച്ചു. തെറ്റായ സന്ദേശങ്ങളില്‍ ആരും കുടുങ്ങരുതെന്ന് അദ്ദേഹം ഹിന്ദിയിലും ബംഗാളിയിലും അഭ്യര്‍ഥിച്ചു. എവിടെ നിന്നാണ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ സൃഷ്ടിച്ചതെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. കേരളത്തിനെതിരായ ഇത്തരം പ്രചരണങ്ങളില്‍ ദുഃഖമുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയാണെന്ന സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചത്. ഇതു മൂലം സംസ്ഥാനത്തെ പല വ്യാപാര വ്യവസായസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താളംതെറ്റിയിരിക്കുരയാണ്, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ.