Skip to main content

അഫ്ഗാനിസ്ഥാനില്‍ നഗരമധ്യത്തില്‍ മൃതദേഹങ്ങള്‍ കെട്ടിതൂക്കി താലിബാന്‍. ഹെറാത്തിലെ വിവിധ നഗരങ്ങളിലാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മുന്നറിയിപ്പിനെന്ന പേരില്‍ ക്രെയിനില്‍ കെട്ടിതൂക്കിയത്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഉള്‍പ്പെട്ട 4 പേരെയാണ് വെടിവെച്ച് കൊന്നതെന്നാണ് താലിബാന്‍ വാദം. ഒരു ബിസിനസുകാരനെയും മകനെയും ഇവര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നുമാണ് ഹെറാത്ത് ഡെപ്യൂട്ടി ഗവര്‍ണര്‍ മൗലീയ് ഷെയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അഫ്ഗാനിസ്ഥാനില്‍ പഴയ ശിക്ഷാ രീതികള്‍ തന്നെ തുടരുമെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൈവെട്ടല്‍, വധശിക്ഷ തുടങ്ങിയ ശിക്ഷാ രീതികള്‍ വീണ്ടും നടപ്പിലാക്കുമെന്നായിരുന്നു താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ നൂറുദ്ദീന്‍ തുറാബി പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടപടി.