വനിതാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തു; അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മര്‍ദ്ദനം

Glint Desk
Thu, 09-09-2021 01:33:25 PM ;

കാബൂളില്‍ നടന്ന വനിതാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ മര്‍ദ്ദനം. അഫ്ഗാനിസ്ഥാന്‍ ദിനപത്രമായ എറ്റിലാട്രോസിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എറ്റിലാട്രോസിലെ അഞ്ച് മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ അറസ്റ്റ് ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. നെമാത് നഖ്വി, താഖി ദര്യാബി എന്നിവര്‍ക്കാണ് താലിബാന്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതെന്ന് ട്വീറ്റില്‍ പറയുന്നുണ്ട്.

താലിബാന്‍ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. കാബൂളില്‍ സമാധാനപരമായി നടന്ന പ്രതിഷേധങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ താലിബാന്‍ നടത്തുന്ന അക്രമങ്ങളില്‍ അതീവ ആശങ്കയുണ്ടെന്ന് ട്വീറ്റില്‍ പറയുന്നു.

ചൊവ്വാഴ്ചയായിരുന്നു മുദ്രാവാക്യങ്ങളുമായി വനിതകളുള്‍പ്പടെ കാബൂളിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് താലിബാന്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെന്നും നിരവധി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുവെന്നും അഫ്ഗാന്‍ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധം ചിത്രീകരിക്കുന്നതിനിടെ തങ്ങളുടെ റിപ്പോര്‍ട്ടറെ താലിബാന്‍ തടഞ്ഞുവെച്ചുവെന്നും കാമറ പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Tags: