Skip to main content

അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. മുല്ല ഒമറുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുല്ല ഹസന്‍ ഒമറിനെ പ്രധാനമന്ത്രിയാക്കിയാണ് താലിബാന്‍ അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മുല്ല ബരാദറും അബ്ദുള്‍ ഹനാഫിയും ഉപ പ്രധാനമന്ത്രിമാരാകും. എഫ്.ബി.ഐയുടെ വാണ്ടണ്ട് ക്രിമിനലായ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി. ഭീകരശൃംഖലയായ ഹഖാനി ഗ്രൂപ്പ് നിയന്ത്രിക്കുന്നത് ഇയാളാണ്. യു.എസ് അഞ്ച് മില്ല്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിട്ടയാളാണ് സിറാജുദ്ദീന്‍ ഹഖാനി.

പുതിയ മന്ത്രിസഭയില്‍ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ താലിബാന്റെ മുതിര്‍ന്ന നേതാക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മുല്ല മുഹമ്മദ് ഹസന്‍ അകുന്ദ് യു.എന്നിന്റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. യു.എസ് ഫോഴ്സിനെതിരായുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയവരും പ്രധാന സ്ഥാനങ്ങളിലെത്തി. മുല്ല മുഹമ്മദ് ഒമറിന്റെ മകന്‍ മുല്ല യാക്കൂബിനെ പുതിയ പ്രതിരോധ മന്ത്രിയായി തീരുമാനിച്ചു. അബ്ബാസ് സ്റ്റാനിസ്‌കായി വിദേശകാര്യ സഹമന്ത്രിയാകും.

ശരിയ നിയമ പ്രകാരമായിരിക്കണം ഭരണമെന്ന് താലിബാന്റെ സുപ്രീം ലീഡര്‍ ഹിബത്തുള്ള അകുന്‍സാദ പുതിയ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഹഖാനി ഗ്രൂപ്പും താലിബാനും തമ്മില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലെ തര്‍ക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായിരുന്നു. പഞ്ച്ശീര്‍ കൂടി പിടിച്ചെടുത്തതിന് പിന്നാലെയാണ് താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന് അറിയിച്ചത്.