എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് രാജി. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വി.ആര്‍.എസ് എടുത്തതിന് ശേഷം നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ത്യയെ ലോകശക്തിയാക്കാന്‍ പ്രയത്നിക്കുന്നവരാണെന്നും അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2ജി സ്പെക്ട്രം, അഗസ്താവെസ്റ്റ്ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യു.പി.എ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വര്‍ സിങ്. രാജിവെച്ചുകൊണ്ടുള്ള ട്വീറ്റില്‍ യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെക്കുറിച്ചും ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യസേവനത്തിന് ദേശീയ വാദത്തിലൂന്നിയ രാഷ്ട്രീയമാണ് വേണ്ടതെന്നാണ് വിശ്വാസമെന്നും രാജേശ്വര്‍ സിംഗ് പറഞ്ഞു.
രാജേശ്വര്‍ സിംഗിന്റെ രാജിക്ക് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇഡിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുന്നത് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നതിന് തുല്യമാണെന്ന് കാര്‍ത്തി പി. ചിദംബരം പ്രതികരിച്ചു. ഉത്തര്‍പ്രദേശ് പോലീസിലെ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായിരുന്നു രാജേശ്വര്‍ സിംഗ്. 2007ലാണ് രാജേശ്വര്‍ ഇ.ഡിയില്‍ ജോയിന്‍ ചെയ്യുന്നത്.