Skip to main content

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും. ലോക്‌സഭയില്‍ കെ മുരളീധരന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയം സഭയിലുന്നയിക്കാന്‍ ബി.ജെ.പിയും നോട്ടീസ് നല്‍കും. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു എന്ന് കെ മുരളീധരന്‍ പറയുന്നു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്നും കെ മുരളീധരന്‍ നല്‍കിയ നോട്ടീസ് വ്യക്തമാക്കുന്നു.

ആലപ്പുഴ കൊലപാതകങ്ങളില്‍ സംബന്ധിച്ച് കേരളാ ഗവര്‍ണറോട് കേന്ദ്രം പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കും. സംഭവത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കുറ്റപ്പെടുത്തി.

ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു. പോലീസിന് വീഴ്ചയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം ഇതേ കുറിച്ച് റിപ്പോര്‍ട്ട് തേടുന്നത്. കൊലപാതകങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന് കേന്ദ്രം പരിശോധിക്കും. സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്.