Skip to main content

സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആയി ഉയര്‍ത്താന്‍ അനുമതി നല്‍കിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്  മുസ്ലിം ലീഗ് എം.പിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുസ്ലിം ലീഗ് ലോക്‌സഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.പിമാരായ അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്‌സഭയിലും പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എം.പിമാര്‍ അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടു.