Skip to main content

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഘടനാ കാര്യങ്ങളാണ് പാര്‍ട്ടി അധ്യക്ഷയുമായി ചര്‍ച്ചചെയ്തതെന്നും പ്രശ്നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയതലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടന നടത്തുന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും അത് മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ തന്നെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുന്നതിലേയും അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിലേയും എതിര്‍പ്പ് ഉമ്മന്‍ചാണ്ടി അറിയിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന അഭിപ്രായമാണോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന പ്രതികരണം നല്‍കി അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

Tags
Ad Image