ഫെയ്സ്ബുക്ക് ഇനി 'മെറ്റ'; പുതിയ പേര് പ്രഖ്യാപിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

Glint Desk
Fri, 29-10-2021 10:20:33 AM ;

ഫെയ്സ്ബുക്ക് മാതൃകമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്സ്ബുക്ക് എന്നതിന് പകരം ഇനി മുതല്‍ 'മെറ്റ' എന്ന പേരിലാകും മാതൃകമ്പനി അറിയപ്പെടുക. ഫെയ്സ്ബുക്ക് കണക്ട് കോണ്‍ഫറന്‍സിലായിരുന്നു പ്രഖ്യാപനം. പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.

മെറ്റാവേര്‍സ് പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പേര്മാറ്റം. നിലവില്‍ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ ആപ്പുകളുടെ പേരുകളില്‍ മാറ്റമുണ്ടാകില്ല. സോഷ്യല്‍ മീഡിയയ്ക്ക് അപ്പുറം വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പേരുമാറ്റമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു.

'നിലവില്‍ ഞങ്ങള്‍ ഒരു സോഷ്യല്‍ മീഡിയ കമ്പനി എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഞങ്ങളുടെ ഡി.എന്‍.എ എന്ന് പറയുന്നത്, ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന കമ്പനിയാണ്. ഡസ്‌ക് ടോപ്പ് കംപ്യൂട്ടറുകള്‍ക്ക് പകരക്കാരനായി സ്മാര്‍ട്ട് ഫോണ്‍ എത്തിയതുപോലെ, ആളുകള്‍ പരസ്പരം ഇടപഴകുന്നത് ഇനി മെറ്റാവേര്‍സിലൂടെയാകും', മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. അതിരുകടന്ന് എന്നുള്ളതിന്റെ ഗ്രീക്ക് പദമാണ് മെറ്റ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലടക്കം ഫെയ്സ്ബുക്കിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ഫെയ്സ്ബുക്കിന്റെ പേര്മാറ്റം. കമ്പനിയുടെ മാര്‍ക്കറ്റ് പവര്‍, അല്‍ഗോരിതം, പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടങ്ങിയവ നേരിട്ട് മാതൃസ്ഥാപനത്തെ ബാധിക്കാതിരിക്കാനാണ് മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്.

Tags: