ഫെയ്സ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റയും നിശ്ചലമായതില്‍ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

Glint Desk
Tue, 05-10-2021 09:51:35 AM ;

ഫെയ്സ്ബുക്കും അവരുടെ ആശയ വിനിമയ പ്ളാറ്റ്ഫോമുകളായ വാട്സാപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇവയുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സക്കര്‍ബര്‍ഗിന്റെ ക്ഷമാപണം. 

തടസമുണ്ടായതില്‍ ഖേദിക്കുന്നു. പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി ഇന്ത്യന്‍സമയം 9.15 മുതലാണ് ഇതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നത്. തുടര്‍ന്ന് പത്തുമണിയോടെ മൂന്നുസ്ഥാപനങ്ങളും അവരവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ക്ഷമാപണം നടത്തുകയും കേടുപാട് തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അറിയിച്ചു. അര്‍ധരാത്രിയോടെ ഫെയ്സ്ബുക്കിന്റെ ഓഹരിമൂല്യം 5.5-ലേറെ ഇടിയുകയും ചെയ്തു. ആദ്യമായാണ് ഈ മൂന്ന് സാമൂഹിക മാധ്യമങ്ങളും ഒരേസമയം ഇത്രയേറെ നേരം പ്രവര്‍ത്തനം മുടങ്ങുന്നത്.

Tags: