Skip to main content

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയതിന് യു.പിയിലെ ഗസ്റ്റ് ഹൗസില്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് നിലം തൂത്തുവാരി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പ്രിയങ്ക ഗാന്ധിയെത്തിയത്. എന്നാല്‍ പ്രിയങ്കയുടെ വാഹനം പോലീസ് തടഞ്ഞുവെക്കുകയായിരുന്നു. 

അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വിരട്ടി പ്രിയങ്ക സംസാരിച്ചത് ചര്‍ച്ചയായിരുന്നു. വാറണ്ട് കാണിക്കൂ എന്നിട്ടാവാം അറസ്റ്റ് എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. പ്രിയങ്ക എത്തിയ വാഹനം തടഞ്ഞപ്പോഴായിരുന്നു പോലിസിന് നേരെ അവര്‍ കയര്‍ത്തത്. നിങ്ങളെന്നെ പിടിച്ച് കാറില്‍ കയറ്റിയാല്‍ നിങ്ങള്‍ക്കെതിരെ ഞാന്‍ കിഡ്‌നാപ്പിങ്ങിന് കേസെടുക്കും. പോലിസിനെതിരെ ആയിരിക്കില്ല. നിങ്ങള്‍ക്കെതിരെയായിരിക്കും ഞാന്‍ പരാതി നല്‍കുക,'' തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനോട് പ്രിയങ്ക പറഞ്ഞു. പ്രിയങ്കയ്ക്ക് സമീപം നിന്ന കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയും പോലീസിനോട് കയര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.

കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യു.പി പോലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.