Skip to main content

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റിയെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യു.പി പോലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പോലീസ് തയാറാക്കിയ എഫ്.ഐ.ആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അടുത്ത കാലത്ത് കര്‍ഷകസമരത്തിനെതിരായി മിശ്ര നടത്തിയ പ്രസ്താവനയില്‍ അസ്വസ്ഥരായ കര്‍ഷകര്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം തടയാന്‍ ഒത്തുകൂടുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറിയത്. കൊല്ലപ്പെട്ട എട്ടുപേരില്‍ നാല് പേര്‍ കര്‍ഷകരാണ്.

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപൂര്‍ ഖേരിയിലേക്ക് പോയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യു.പി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ലഖ്‌നൌവില്‍ പ്രിയങ്കയെ യു.പി പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന്  ലഖിംപൂര്‍ഖേരിയിലേക്ക് നടന്ന് പോകാനായിരുന്നു പ്രിയങ്കയുടെ നീക്കം. പിന്നാലെയാണ് പ്രിയങ്ക അറസ്റ്റ് ചെയ്യപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസും യുപി കോണ്‍ഗ്രസും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രിയങ്കയെ സീതാപൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഇന്ന് 11 മണിക്ക് ഡല്‍ഹിയിലുള്ള യു.പി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചിട്ടുണ്ട്.