പുതിയ ഐ.ടി ചട്ടപ്രകാരം പരാതി പരിഹാര ഓഫിസറെ നിയമിച്ച് ട്വിറ്റര്‍. വിനയ് പ്രകാശാണ് പുതിയ ഓഫിസര്‍. രാജ്യത്തെ പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ അനുസരിച്ച് ആവശ്യമായ പരാതികള്‍ പരിഹരിക്കുന്നതിനായിട്ടാണ് നിയമനം. ഇക്കാര്യം ട്വിറ്റര്‍ വെബ്‌സൈറ്റിലാണ് വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ അദ്ദേഹത്തിന്റെ ഇമെയില്‍ ഐഡിയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ മാര്‍ച്ച് മുതല്‍ സര്‍ക്കാരും ട്വിറ്ററും തമ്മില്‍ വലിയ തോതിലുള്ള തര്‍ക്കം ഉടലെടുത്തിരുന്നു.
ജൂലൈ ആദ്യം ട്വിറ്റര്‍ ഇന്ത്യ ഇടക്കാല ചീഫ് കംപ്ലിയന്‍സ് ഓഫീസറെ നിയമിച്ചിരുന്നു. ട്വിറ്റര്‍ ഒരു ഇടക്കാല ചീഫ് കംപ്ലയിന്‍സ് ഓഫീസറെ നിയമിക്കുകയും പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് മറ്റ് രണ്ട് എക്‌സിക്യൂട്ടീവുകളെ താല്‍ക്കാലികമായി നിയമിക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉദ്യോഗസ്ഥന്റെ നിയമനം. ഇന്ത്യയില്‍ ഗ്രീവന്‍സ് ഓഫീസറെ നിയമിക്കുന്നതിനായി ട്വിറ്റര്‍ ഹൈക്കോടതിയില്‍ നിന്ന് എട്ട് ആഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 11 നകം ആദ്യത്തെ കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോടതി കേസില്‍ വാദം കേട്ടത്. ഇന്ത്യയിലെ പുതിയ ഐടി നിയമം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ട്വിറ്ററിന് ഇന്ത്യയില്‍ നിന്ന് നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ട്വിറ്റര്‍ രണ്ടാഴ്ചക്കകം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.