ചെങ്കോട്ട കര്‍ഷക സമരത്തിന്റെ വേദിയാക്കാന്‍ ഗൂഢാലോചന; റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ വിചിത്ര വാദങ്ങളുമായി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം

Glint desk
Fri, 28-05-2021 07:16:31 PM ;

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് റെഡ് ഫോര്‍ട്ടില്‍ നടന്ന സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു. റിപ്പബ്ലിക് ദിന പരേഡിന്റെ ദിവസം നിഷാന്‍ സാഹിബ് പതാക ഉയര്‍ത്തിയതിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയാണെന്ന് ഡല്‍ഹി പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. നടന്‍ ദീപ് സിന്ധു ഉള്‍പ്പെടെ പതിനാറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും അന്താരാഷ്ട്ര തലത്തില്‍ നാണക്കേടുണ്ടാക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കര്‍ഷകര്‍ സമരം നടത്തിയത്.

പോലീസും കര്‍ഷകരും തമ്മിലുള്ള ഉടമ്പടി ലംഘിക്കാന്‍ പ്രതിഷേധക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും പോലീസ് പറയുന്നു. പ്രതിഷേധക്കാര്‍ക്ക് റെഡ് ഫോര്‍ട്ടിലേക്ക് കടന്നു കയറാനും കര്‍ഷക പ്രതിഷേധത്തിനുള്ള പുതിയ വേദിയായി ചെങ്കോട്ടയെ മാറ്റാനും ലക്ഷ്യമുണ്ടായിരുന്നു എന്ന വാദങ്ങളും പോലീസ് ഉയര്‍ത്തുന്നുണ്ട്. പോലീസ് സമര്‍പ്പിച്ച കുറ്റപത്രം പ്രകാരം ആയിരക്കണക്കിന് ആളുകളും, 30-40 ട്രാക്ടറുകളും 150 മോട്ടോര്‍ സൈക്കിളും കാറും റെഡ് ഫോര്‍ട്ട് പരിസരത്ത് അതിക്രമിച്ചു കടന്നുവെന്നും പറയുന്നു.

കര്‍ഷക സമരത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതെന്നും ദീപ് സിദ്ദുവിന് കര്‍ഷക സമരം നയിക്കുന്ന സംഘടനകളുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അറിയിച്ചുകൊണ്ട് കര്‍ഷക നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു. കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ കീഴിലുള്ള ഒരു സംഘനടയുടെയും ഭാഗമല്ല ദീപ് സിദ്ദുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ട്രാക്ടര്‍ റാലിക്ക് പിന്നാലെ കര്‍ഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. ചെങ്കോട്ടയില്‍ കര്‍ഷകര്‍ ഉയര്‍ത്തിയത് ഖലിസ്ഥാനി പതാകയാണെന്ന പ്രചരണങ്ങളും നടന്നിരുന്നു. എന്നാല്‍ സാധാരണയായി ഗുരദ്വാരയ്ക്ക് മുകളില്‍ കാണപ്പെടുന്ന നിഷാന്‍ സാഹിബ് എന്ന പതാകയാണ് കര്‍ഷകര്‍ ഉയര്‍ത്തിയിരുന്നത്. ത്രിവര്‍ണ പതാകയ്ക്ക് കീഴിലായിരുന്നു പ്രതിഷേധക്കാര്‍ നിഷാന്‍ സാഹിബ് ഉയര്‍ത്തിയത്.

Tags: