ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കാജനകമെന്ന് ഡബ്ല്യൂ.എച്ച്.ഒ

Glint desk
Sat, 15-05-2021 11:40:30 AM ;

കൊവിഡ് മഹാമാരിയുടെ രണ്ടാം വര്‍ഷം ആദ്യ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമാണെന്ന് ഡബ്ല്യൂ.എച്ച്.ഒ. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കാജനകമായി തുടരുകയാണെന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ഭീതിജനകമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമായി പരിമതിപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കംമ്പോഡിയ, തായ്‌ലാന്‍ഡ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, മൊബൈല്‍ ഫീല്‍ഡ് ആശുപത്രി ടെന്റ്, മാസ്‌ക്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഡബ്ല്യു.എച്ച്.ഒ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ടെഡ്രോസ് അഥനോം വ്യക്തമാക്കി.

Tags: