മോദി രാജിവെക്കണം അഥവാ #ResignModi എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന വിശദീകരണവുമായി ഫെയ്സ്ബുക്ക് രംഗത്ത്. കൊവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫെയ്സ്ബുക്ക് വിലക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം.
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത്. മഹാമാരിയുടെ കാലത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ തടയുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
രണ്ടാം തരംഗത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നു വിമര്‍ശിച്ചു കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടായത്. മാത്രവുമല്ല ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ പണം കൊടുത്തു വാങ്ങണമെന്ന പുതിയ നയം വന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പല കാരണങ്ങളാല്‍ ഫെയ്സ്ബുക്ക് ഹാഷ്ടാഗുകള്‍ നിരോധിക്കാറുണ്ട്. ചിലത് ബോധപൂര്‍വ്വം ചെയ്യും. ചിലത് നിലവില്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം സാങ്കേതികമായി തനിയേ ബ്ലോക്ക് ആവുന്നതാണ്. ഹാഷ്ടാഗുമായി ബന്ധപ്പെട്ട് വന്ന ഉള്ളടക്കം കാരണമാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഹാഷ്ടാഗ് പരിഗണിച്ചല്ല എന്നുമാണ് ഫെയ്സ്ബുക്ക് വിശദീകരണം.