ഇന്ത്യയില്‍ ട്വിറ്റര്‍ വീഴുമോ? തരംഗമായി കൂ ആപ്പ്

Glint desk
Tue, 16-02-2021 12:05:06 PM ;

കുറച്ചു നാളുകളായി വാര്‍ത്തകളില്‍ ഏറ്റവും അധികം നിറഞ്ഞു നിന്ന വാക്കുകളിലൊന്നാണ് ട്വിറ്റര്‍. സമീപകാലത്ത് യു.എസിലുണ്ടായ ഏറ്റവും കലുഷിതമായ തിരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമായി ട്വിറ്റര്‍ ഉണ്ടായിരുന്നു. അവസനം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. ട്രംപിനോട് ആഭിമുഖ്യമുള്ള ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോ ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററിനെ നിരോധിക്കണമെന്ന പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോള്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് ഇന്ത്യയിലും ഭരണപക്ഷ വിരോധം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. 

ട്വിറ്ററിന്റെ ദേശി വെര്‍ഷന്‍ എന്നു വിളിക്കാവുന്ന കൂ ആപ്പിനു വലിയ രീതിയില്‍ രാജ്യത്തു സ്വീകാര്യത ലഭിച്ചതും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ കൂവില്‍ അക്കൗണ്ട് തുറന്ന് അതിലേക്കെത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതും മറ്റും ട്വിറ്ററിനെതിരായ ഔദ്യോഗിക നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെട്ടതും. പറയത്തക്ക പ്രതിയോഗികളില്ലാതിരുന്ന  ട്വിറ്റര്‍ കൂ, ഗാബ് തുടങ്ങിയ പുത്തന്‍ ആപ്പുകളുടെ കരുത്തിനുമുന്നില്‍ അടിയറവ് പറയേണ്ടി വരുമോ എന്നുള്ളതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചാവിഷയം.

2007ലാണു ട്വിറ്റര്‍ ഇന്റര്‍നെറ്റ് ലോകത്തിലേക്ക് എത്തിയത്. ടെക്‌സസിലെ ഓസ്റ്റിനില്‍ നടന്ന സൗത്ത് ബൈ സൗത്ത് വെസ്റ്റ് എന്ന സംഗീത കോണ്‍ഫറന്‍സില്‍ ട്വിറ്റര്‍ എന്ന സമൂഹമാധ്യമത്തിന് ഔപചാരികമായ തുടക്കമായി. അതിനും ഒരു വര്‍ഷം മുന്‍പായിരുന്നു ട്വിറ്റര്‍ എന്ന ആശയത്തിനു തുടക്കമായത്. ഇവാന്‍ വില്യംസ്, ബിസ് സ്റ്റോണ്‍,നോവ ഗ്ലാസ് എന്നീ ഐ.ടി വിദഗ്ധരാണ് ട്വിറ്ററിനെ വികസിപ്പിച്ചെടുത്തത്.

മായങ്ക് ബിദവട്കയും അപ്രമേയ രാധാകൃഷ്ണയും രൂപപ്പെടുത്തിയ കൂ ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ചുരുങ്ങിയ കാലയളവില്‍ തന്നെ 30 ലക്ഷം കടന്നിരുന്നു. ട്വിറ്ററിന്റെ ഇന്ത്യയിലെ ഉപയോക്താക്കളുടെ ആറിലൊന്നോളം. കൂ ട്വിറ്ററിനെ ഇന്ത്യയില്‍ മലര്‍ത്തിയടിക്കുമോയെന്ന സംശയം ന്യായമായും തോന്നാം. ഇതിനും മുന്‍പ് ടൂറ്റര്‍ എന്ന വേറൊരു ട്വിറ്റര്‍ പ്രതിയോഗി ഇന്ത്യയില്‍ വരികയും കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ അതില്‍ വെരിഫൈഡ് അക്കൗണ്ടുകളുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യത്തെ ആവേശത്തിനു ശേഷം ടൂറ്റര്‍ വിസ്മൃതിയിലായി. ഇതു തന്നെയാകാം കൂവിലും സംഭവിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ട് നിലനിര്‍ത്തിക്കൊണ്ട് തന്നെ കൂവില്‍ അക്കൗണ്ട് എടുക്കുന്നവരാണ് കൂടുതല്‍. സാങ്കേതികശക്തിയിലും സൗകര്യങ്ങളിലും വിസിബിലിറ്റിയിലും മുന്നില്‍ നില്‍ക്കുന്ന ട്വിറ്ററിലേക്ക് തന്നെയാകാം ഇവര്‍ മടങ്ങുക. സിഗ്‌നലിലേക്കു ചേക്കേറിയവര്‍ വാട്സാപ്പില്‍ മടങ്ങിയെത്തിയതു പോലെ.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ലോകവ്യാപകമായി ഏറ്റവും ഫോളോവേഴ്സ് ഉള്ള വ്യക്തികളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ്. ആറരക്കോടി ഫോളോവേഴ്സ് സ്വകാര്യ അക്കൗണ്ടിലും നാലു കോടിയിലധികം ഫോളോവേഴ്സ് ഔദ്യോഗിക അക്കൗണ്ടിലും അദ്ദേഹത്തിനുണ്ട്. രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്ന അദ്ദേഹത്തിനും ട്വിറ്റര്‍ വിടുന്നത് ഒരുപാടു ചിന്തിക്കേണ്ട ഒരു തീരുമാനം തന്നെയായിരിക്കും.

Tags: