കര്‍ഷക സമരം ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

Glint desk
Thu, 28-01-2021 04:07:46 PM ;

വളരെ ആസൂത്രിതമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസമരത്തെ നേരിട്ടത്. 62 ദിവസത്തോളെ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ പലകുറി ചര്‍ച്ചകള്‍ നടത്തുകയും നിലപാടുകളില്‍ അയവ് വരുത്താതെയുമാണ് കര്‍ഷക സമരം മുന്നോട്ട് പോയത്. ഏറ്റവും ഒടുവില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ അതും കര്‍ഷക സംഘടനകള്‍ അംഗീകരിച്ചില്ല. അതിനെ തുടര്‍ന്നാണ് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി പ്രഖ്യാപിച്ചതും ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തപ്പെട്ടതുമെല്ലാം. ഇരുന്നൂറോളം കര്‍ഷകരാണ് ഗവണ്‍മെന്റിന്റെ കസ്റ്റഡിയിലായത്. വളരെ കര്‍ശനമായ രീതിയില്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇനിയും ഒട്ടേറെ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് വിവരം. 

ഇത്രയും ദിവസം കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നതിനായുള്ള പണം എവിടെ നിന്ന് വന്നു, ഏതെല്ലാം കേന്ദ്രങ്ങളില്‍ നിന്നാണ് സഹായം ലഭിച്ചത് എന്നീ കാര്യങ്ങളുടെ കണക്കുകള്‍ ശേഖരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വളരെ തകൃതിയായി ഇത്തരം അന്വേഷണങ്ങളുമായി മുന്നോട്ട് പോകുന്നു. വരും ദിനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒട്ടേറെ അറസ്റ്റുകളും സംഭവിക്കാം. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകരാണ് സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും എന്നത് വസ്തുതയാണ്. യു.പിയില്‍ നിന്നുള്ള കര്‍ഷകരും സമരത്തില്‍ പങ്കെടുത്തുവെങ്കിലും സജീവമായി പങ്കെടുത്തത് ഈ രണ്ട് സംസ്ഥാനത്തില്‍ നിന്നുള്ളവരാണ്. കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ആയുധമായി പ്രയോഗിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു എന്നത് വസ്തുതയാണ്. ഈ ശ്രമമാണ് ചെങ്കോട്ടയില്‍ സിഖ് കൊടി ഉയര്‍ത്തപ്പെട്ടതോടെ പരാജയപ്പെട്ടത്. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് സംഗതികള്‍ ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ രണ്ട് സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

കേസുകള്‍ പിന്‍വലിക്കുക, അറസ്റ്റിലായവരെ പുറത്തിറക്കുക എന്നീ കാര്യങ്ങള്‍ കര്‍ഷകരുടെ മുന്നിലുണ്ട്. സമരത്തിനെത്തിയ കര്‍ഷകരുടെ അജണ്ട മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കെണിയിലേക്ക് കര്‍ഷകരുടെ പ്രതിഷേധം ചെന്ന് വീഴുകയും ചെയ്തു. ഇനി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് നടപടിയും ന്യായീകരിക്കപ്പെടും എന്നുള്ളതാണ് സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ അനുകൂല ഘടകം. അത് സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുകയും ചെയ്യും. 

Tags: