റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) യും ഭാരതീയ കിസാന്‍ യൂണിനും (ഭാനു) സമരത്തില്‍നിന്ന് പിന്മാറി. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷത്തില്‍ അപലപിച്ചും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പിന്‍മാറ്റം.
രാകേഷ് ടികായത് നേതൃത്വം നല്‍കുന്ന പ്രതിഷേധവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പ് ലഭിക്കുന്നത് വരെ പ്രതിഷേധം തുടരും എന്നാല്‍, ഈ രൂപത്തിലുള്ള പ്രതിഷേധത്തോടൊപ്പം നില്‍ക്കില്ല. ആളുകളെ രക്തസാക്ഷികളാക്കാനോ മര്‍ദ്ദിക്കുന്നതിനോ അല്ല തങ്ങള്‍ ഇവിടെ വന്നിട്ടുള്ളതെന്നും അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നേതാവ് വി.എം സിങ് പറഞ്ഞു. സമരത്തില്‍ നിന്ന് പിന്മാറുമെന്ന വി.എം.സിങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയിലെ തന്നെ ഒരുവിഭാഗം മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി.
സംയുക്ത സമരസമിതി പിളര്‍ന്നതല്ലെന്നും കേന്ദ്ര നിലപാടുള്ളവരെ ഒഴിവാക്കിയതാണെന്നുമാണ് മറുഭാഗത്തിന്റെ വാദം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ ഇരു സംഘടന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.