സമാധാനപരമായി 61 ദിവസം നീണ്ട കര്‍ഷക സമരം രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഡല്‍ഹി നഗരം കീഴടക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. വളരെ പെട്ടെന്നായിരുന്ന സമരത്തിന്റെ രീതി മാറിയത്. അതിര്‍ത്തിവരെ റൂട്ട് മാപ്പ് നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉച്ചയോടെ അതിര്‍ത്തി ഭേദിച്ച് നഗരത്തിലേക്ക് കുതിച്ചു.ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കും വരെ നിശ്ചയിട്ട റൂട്ട് മാപ്പിലായിരുന്നു ട്രാക്ടര്‍ റാലി. എന്നാല്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകളും വഴിയടച്ചിട്ടിരുന്ന കണ്‍ടെയ്നറുകളും ബസ്സുകളും ക്രെയിനും കോണ്‍ക്രീറ്റ് ബ്ലോക്കുകളും എല്ലാം തട്ടിനീക്കിയും പിടിച്ചെടുത്തുമാണ് സമരക്കാര്‍ മുന്നോട്ടുനീങ്ങിയത്. വഴിമുടക്കിയ എല്ലാ പ്രതിബന്ധങ്ങളും ആ ട്രാക്ടറുകള്‍ ഉഴുതുമറിച്ചു.
പോലീസിന്റെ സുരക്ഷാ മതിലുകളെല്ലാം തകര്‍ക്കപ്പെട്ടു. തന്ത്രപ്രധാനകേന്ദ്രമായ ഐ.ടി.ഒയിലേക്ക് വരെ സമരക്കാര്‍ എത്തുന്ന കാഴ്ച കണ്ട് പോലീസ് അമ്പരന്നു. സുപ്രധാന സര്‍ക്കാര്‍ ഓഫീസുകളും മറ്റു നിലകൊള്ളുന്ന ഇടമാണ് ഐ.ടി.ഒ. ഐ.ടി.ഒയില്‍ സമരക്കാരെ കൂടുതല്‍ നേരിടാന്‍ പോലീസ് എത്തിയപ്പോള്‍ ഒരുവിഭാഗം കൊണാട്ട് പ്ലെയിസിലേക്ക് നീങ്ങി. അവിടേക്ക് പോലീസ് നീങ്ങിയപ്പോള്‍ മറ്റൊരു സംഘം ചെങ്കോട്ടയില്‍ പാഞ്ഞെത്തി അവിടെ സ്വന്തം പതാക വരെ ഉയര്‍ത്തുന്ന സ്ഥിതിയെത്തി.
തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന വിവിധ അതിര്‍ത്തികളില്‍ നിന്നാരംഭിച്ച ട്രാക്ടര്‍ റാലി ഡല്‍ഹിയെ തൊട്ട് ഇരുനൂറിലേറെ കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ഥിതിഗതികള്‍ അനിയന്ത്രിതമായതോടെ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.