Skip to main content

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് രാജ്യം തയ്യാറെടുത്ത് കഴിഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ വാക്‌സിന്‍ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ പിന്നീട് നടത്തും.

രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാവും വാക്സിന്‍ ആദ്യമെത്തിക്കുക. കര്‍ണാടകയിലെ കര്‍ണാല്‍, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാവും ആദ്യം എത്തിക്കുക. അവിടെനിന്ന് 37 കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. 28,000 കോള്‍ഡ് സ്റ്റോറേജുകള്‍ വാക്സിന്‍ സംഭരണത്തിനായി തയ്യാറായിട്ടുണ്ട്.

വാക്സിന്‍ എടുക്കേണ്ടവര്‍ക്ക് 'കൊവിന്‍' ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങി കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.