2020 കൊറോണയെ തുടര്‍ന്ന് ജീവിതം ആടി ഉലഞ്ഞ വര്‍ഷമായിരുന്നെങ്കില്‍ 2021 കൊവിഡ് വാക്‌സിന്റെ വര്‍ഷമായിരിക്കും എന്ന പ്രതീക്ഷയിലാണ് പുതുവര്‍ഷത്തെ ലോകം വരവേറ്റത്. പല രാജ്യങ്ങളും കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈറണ്‍ നടന്നു കൊണ്ടിരിക്കുകയാണ്. കൊവിഡ് വാക്‌സിന്‍ രാജ്യത്ത് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ കൊവിഡ് വാക്‌സിന്‍ എന്ന് മുതല്‍ വിതരണം ചെയ്യും ആര്‍ക്കൊക്കെ സൗജന്യമായി നല്‍കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ഇത്തരത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ തന്നെ പ്രതീക്ഷയ്ക്ക് വകയുള്ള മറ്റൊരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍.
കൊവിഡ് 19ന് എതിരായി നാലു വാക്‌സിനുകള്‍ തയ്യാറാക്കിയിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്നാണ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞത്. ഇന്ത്യയില്‍ മൂന്ന് വാക്‌സിനുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഒരു വാക്‌സിന്‍ നിര്‍മാതാക്കളുടെ അപേക്ഷ കൂടി ലഭിക്കുമെന്നും അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്‌സിനുകള്‍ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സ്ഫഡും ആസ്ട്രസെനകയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡും ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവാക്‌സിനും അടക്കം ആറ് വാക്‌സിനുകള്‍ ഇന്ത്യയില്‍ വികസിപ്പിക്കുന്നുണ്ട്. അഹമ്മദാബാദിലെ കോഡില ഹെല്‍ത്ത് കെയര്‍ നിര്‍മിക്കുന്ന ZyCOV-D, സെറം ഇന്‍സ്റ്റിറ്റ്യൂട്ടും നോവാവാക്‌സും ചേര്‍ന്ന് വികസിപ്പിക്കുന്ന VX-CoV2373 എന്നിവ പരീക്ഷണ ഘട്ടത്തിലാണ്. എന്തായാലും 2021 കൊവിഡ് വാക്‌സിന്‍ വര്‍ഷമാണെന്ന് പ്രത്യാശിക്കാം.