Skip to main content

രാജ്യത്ത് കൊവിഡ്-19 വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ ഇന്ന് 'ഡ്രൈ റണ്‍' നടത്തും. ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക. ഇന്നും നാളെയുമായിട്ടാണ് ഡ്രൈ റണ്‍.

കൊവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം വാക്സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍. വാക്സിന്‍ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നതു മുതല്‍ ശീതികരണവും വിതരണവും വിവരങ്ങളുടെ കൈമാറ്റവും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും.

ഓരോ സംസ്ഥാനത്തും രണ്ടുവീതം ജില്ലകളില്‍, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം  / പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ച് ഇതിനായി ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.